മലയാളികൾക്ക് എന്നും പൊട്ടിച്ചിരിക്കുവാനുള്ള നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ഇരുവരും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ റിലീസ് കൊറോണ കാരണം നീണ്ടു പോയിരിക്കുകയാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഇരുവരും. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
മോഹൻലാൽ: പുതിയ തലമുറയുടെ സിനിമ ശ്രമങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്ന് സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് കണ്ടു. സിനിമ ഇഷ്ടമായി. പടം കണ്ട ശേഷം അതിലഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട എല്ലാവരേയും വിളിച്ചു. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമമുഹൂർത്ഥങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും. നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ.
പ്രിയദർശൻ: പഴയകാലത്ത് ഹ്യൂമർ മുൻനിർത്തി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ നിന്ന് തന്നെ ചിരിക്കുള്ള വകകൾ കണ്ടെത്തി അവതരിപ്പിക്കുന്നതായിരുന്നു രീതി. ഇന്ന് സിനിമ വലിയ തോതിൽ മാറിയിരിക്കുന്നു. വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ അത് ചെയ്യാൻ ഞാൻ ധൈര്യപ്പെടില്ലായിരുന്നു. സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ സിനിമയിലെ സിറ്റുവേഷനുകൾ പലതും ഞാനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതല്ല. ഈ വ്യത്യാസത്തെയാകും ജനറേഷൻ ഗ്യാപ്പ് എന്ന് പറയുന്നത്.