സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനു മുമ്പ് നായകരായി എത്തിയത്. 20 വർഷങ്ങൾക്ക് ശേഷം ഇരുവരും നായിക – നായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ഇതിനു മുമ്പ് 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് താൻ തിരിച്ചെത്തുന്നതെന്നും നാലു വർഷങ്ങൾ കടന്നു പോയത് നാല് മിനിറ്റുകൾ പോലെയാണെന്നും ശോഭന പറയുന്നു. മോഹൻലാലിന്റെ 360-ാമത് ചിത്രമാണ് ഇത്. അതോടൊപ്പം തന്നെ മോഹൻലാലും ശോഭനയും ഒരുമിച്ചുള്ള 56-ാമത് ചിത്രം കൂടിയാണ്. ശോഭനയുടേതായി അവസാനമായി തിയറ്ററുകളിൽ എത്തിയ മലയാള സിനിമ 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്.
എൽ360 എന്നാണ് സിനിമയ്ക്ക് തൽക്കാലം പേര് നൽകിയിരിക്കുന്നത്. റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഓപ്പറേഷൻ ജാവ, സൌദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കുന്നത് കെ ആർ സുനിൽ. ഛായാഗ്രഹണം – ഷാജികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്തിക രഞ്ജിത്, കലാസംവിധാനം – ഗോകുൽദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ – സമീറ സനീഷ്, നിർമാണ നിർവഹണം – ഡിക്സൻ പൊടുത്താസ്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്.
View this post on Instagram