സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കുചേർന്ന് നടൻമാരായ സുരേഷ് ഗോപിയും മോഹൻലാലും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ പതാക ഉയർത്തിയത്. സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലും മോഹൻലാൽ എറണാകുളം എളമക്കരയിലെ വസതിയിലുമാണ് ഇന്ന് രാവിലെ പതാക ഉയർത്തിയത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനത്തോടെ പങ്കു ചേരുന്നുവെന്നും ‘ഹർ ഘർ തിരംഗ’ രാജ്യസ്നേഹം ഊട്ടിയുറപ്പിക്കുമെന്നും മോഹൻലാൽ പറഞ്ഞു. ഇത് ഒന്നായി മുന്നേറാൻ നമ്മെ സഹായിക്കുമെന്നും പതാക ഉയർത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻലാൽ വ്യക്തമാക്കി. ഹർ ഘർ തിരംഗ’ പരിപാടിയിലൂടെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, 365 ദിവസവും വീടിനു മുകളിൽ പതാക പാറി കളിക്കുന്നത് ആണ് തന്റെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണര്‍മാരുമാണ് ഇത് ഏകോപിപ്പിക്കുക. ‘ഹർ ഘർ തിരംഗ’ കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയപതാക ഉയർത്തി. വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയർത്തി. ഇന്ത്യ എന്നാ സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.