‘ലാല്‍ അമേരിക്കയില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍.. അഭിനേതാക്കളും സംവിധായകനും ന്യൂ ജേഴ്സിയില്‍ താമസം. ഗ്രേറ്റ് അഡ്വഞ്ചര്‍ എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് വച്ച് പാട്ട് ചിത്രീകരണം കഴിഞ്ഞു സത്യന് അന്തിക്കാടും മോഹന്‍ ലാലും ടീമുമൊക്കെ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഒടുവില്‍ ഉണ്ണികൃഷ്ണന് മിസ്സിംഗ് ആണെന്ന്. പരിഭ്രാന്തരായി എല്ലാരും.. പലയിടത്തേക്കും ഒടുവിലിനെ തേടി ആളുകള്‍ പോയി. മധു നായര്‍ ന്യൂയോര്‍ക്ക് ആയിരുന്നു ഷൂട്ടിങ്ങിന് അകമഴിഞ്ഞ് സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ വണ്ടിയില്‍ സത്യനും ലാലും ഹോട്ടലില്‍ നിന്നു രണ്ടര മണിക്കൂര്‍ ഓടിയാലെത്തുന്ന ഗ്രേറ്റ് അഡ്വഞ്ചറിലേക്ക് പോയി. കാര്‍ണിവല്‍ അവസാനിച്ചിരുന്നു. പരിഭ്രമത്തോടെ ലാലും സത്യനും അകത്തു കയറി.. ഒരു കോര്‍ണറില്‍ കുറെ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട് അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ക്ക് ചിരി വന്നു. ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്ന പോലെ ചുറ്റും കൂടി മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍. ഒടുവിലിനെ പൊക്കിയെടുത്തു മടങ്ങുമ്പോള്‍ ലാല്‍ ചോദിച്ചു. “ഉണ്ണിയേട്ടന് അവരോടെന്താണ് മലയാളത്തില്‍ പറഞ്ഞത്?”
“എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവില്‍ ഉണ്ണികൃഷ്ണനെന്നും മലയാളിയാണെന്നുമൊക്കെ. എന്റെ ഭാഷ ചതിക്കില്ലെന്ന് മനസ്സിലായി.. ആരും എന്റെ മുഖത്ത് കൈ വച്ചില്ല..”
“ഗ്രേറ്റ് അഡ്വഞ്ചര്‍ !” മോഹന്‍ലാല്‍ തിരിച്ചു പറഞ്ഞു.