മോഹൻലാൽ ബി ജെ പി സ്ഥാനാർത്ഥിയായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരണവുമായി മോഹൻലാൽ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന പല തവണ പറഞ്ഞിട്ടുള്ളതാണെന്നും വീണ്ടും ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“രാഷ്ട്രീയ പാർട്ടികൾക്കു അവർക്കു മത്സരിപ്പിക്കാൻ സാധ്യതയുള്ളവരുടെ പേര് പറയുക സ്വാഭാവികം. അതിൽ ഒരു തെറ്റും പറയാനാകില്ല. എന്നാൽ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടത് വ്യക്തി മാത്രമാണ്. ഇതൊന്നും സമ്മർദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാൻ കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ട്. അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാവുന്ന ഒരു തൊഴിൽ ചെയ്ത് ജീവിക്കുകയാണ്. അതിൽ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്. ഞാൻ അവരോടൊപ്പം നിൽക്കുകയാണ്. അവർക്കോരോരുത്തർക്കും രാഷ്ട്രീയം ഉള്ളതുപോലെ എനിക്കുമുണ്ട്. എന്നെ കൂടുതൽ തിരുത്തുകയും കൂടുതൽ നന്നായി ജോലി ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതാണ് ഞാൻ ഓരോരുത്തരിലും നിന്നും പ്രതീക്ഷിക്കുന്നത്. തൽക്കാലം ഒരു വിവാദത്തിലേക്കും എന്നെ വലിച്ചിഴക്കരുത്.”