സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഓരോ ചിത്രങ്ങളും മലയാളിക്ക് ഏറെ പ്രിയങ്കരമാണ്. ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പിൻഗാമി, രസതന്ത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. അച്ഛന്റെ വഴിയിലൂടെ തന്നെ മക്കളും സംവിധാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. മകൻ അനൂപ് സത്യൻ സംവിധാനം നിർവഹിച്ച വരനെ ആവശ്യമുണ്ട് മികച്ച വിജയമാണ് കുറിച്ചത്. ചിത്രം കണ്ട് മോഹൻലാൽ വിളിച്ച് അഭിനന്ദിച്ച കാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് അനൂപ്.
1993, അന്തിക്കാട്:
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അച്ഛനുമായി നടന്ന ബൗദ്ധികപരമായ ഒരു വാഗ്വാദത്തെ തുടർന്ന് വീട് വിട്ടിറങ്ങാനും മോഹൻലാലിനൊപ്പം താമസിക്കാനും ഞാൻ തീരുമാനിച്ചു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അച്ഛന് അത് വളരെ രസകരമായി തോന്നി. അപ്പോൾ തന്നെ മോഹൻലാലിനെ വിളിച്ചു. മോഹൻലാലിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് അച്ഛൻ ഫോൺ എനിക്ക് തന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്ന ഞാൻ ചെറുതായിട്ട് ഒന്ന് ചിരിച്ചു. ഇപ്പോഴും എനിക്ക് ലാലേട്ടന്റെ നിർത്താതെയുള്ള ചിരി ഓർമയുണ്ട്.2020, ഇന്ന്, അന്തിക്കാടിന് അടുത്തെവിടെയോ ഒരിടം:
ഞാൻ കാർ റോഡരികിലേക്ക് ചേർത്ത് നിർത്തി. ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. സിനിമ അദ്ദേഹത്തിന് ഒത്തിരിയേറെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞാൻ പഴയ ആ ചിരി ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിക്കും ഒരു മാറ്റവും ഇല്ലായിരുന്നു.
ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളാണ് അണി നിരന്നത്. നടന് സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും നീണ്ട കാലത്തിന് ശേഷം ഒരുമിച്ച് എത്തുന്ന ചിത്രമായിരുന്നു. അതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ തെറ്റിച്ചുമില്ല. ചിത്രം പ്രധാനമായും ഹ്യൂമറിന് പ്രാധാന്യം നല്കുന്ന ഒരു കുടുംബ ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.