തന്റെ പല സൗഹൃദങ്ങളുടെയും അടിത്തറ ഭക്ഷണമായിരുന്നു എന്ന് തുറന്നു പറഞ്ഞിട്ടുള്ള ഒരു നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കഴിക്കാൻ മാത്രമല്ല പ്രിയപ്പെട്ടവർക്ക് വേണ്ടി പാചകം ചെയ്യുവാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ചോയ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് ജോസ് തോമസിനൊപ്പം ലാലേട്ടൻ പാചകം ചെയ്യുന്ന വിഡിയോ യൂട്യൂബിൽ ഇപ്പോൾ വൈറലാവുകയാണ്. പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവർ അത് കഴിച്ചിട്ട് നല്ലതെന്നു പറയുമ്പോഴുമുള്ള സന്തോഷം മാത്രമാണ് താൻ നോക്കുന്നതെന്നും വിഭവം ഏതായാലും സ്നേഹത്തോടെ തയാറാക്കുന്നതിലാണ് കാര്യമെന്നും ലാലേട്ടൻ പറയുന്നു.
ജോസ് തോമസിനൊപ്പം സീഫുഡ് തയാറാക്കുന്ന ലാലേട്ടന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 20 മിനിറ്റു കൊണ്ട് തയാറാക്കിയ സീഫുഡ് വിഭവം രുചിച്ചവർക്കെല്ലാം നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. എല്ലാവർക്കും ഒന്ന് ശ്രമിച്ചാൽ ഇത് ചെയ്യാൻ സാധിക്കും എന്ന് ഒരു ചെറുപുഞ്ചിരിയോട് കൂടി മോഹൻലാൽ പറയുകയാണ്. ലാലേട്ടന്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അവസരം ലഭിച്ചത് നടൻ പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും ആണ്. എന്നാൽ പൃഥ്വിരാജിന് വിരുന്നിന് എത്തിച്ചേരുവാൻ സാധിച്ചില്ല. ഷെഫ് മോഹൻലാൽ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം എന്ന അടിക്കുറിപ്പോട് കൂടി സുപ്രിയ ആ മനോഹര നിമിഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പൃഥ്വി നിങ്ങൾ അത് മിസ്സ് ചെയ്തു എന്നും സുപ്രിയ കുറിക്കുന്നുണ്ട്.