കഴിഞ്ഞ ദിവസമാണ് നടന് മോഹന്‍ലാല്‍ സൈക്കിളോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. താരത്തിന്റെ സുഹൃത്തും ബിസിനിസുകാരനുമായ സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ ആ സൈക്കിളിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വിഡിയോയിലുള്ളത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണിത്. 2014ലാണ് വിപണിയിലെത്തിയത്. സൈക്കിളിന്റെ നാലാം തലമുറ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏകദേശം 1.60 ലക്ഷം രൂപയാണ് പുതിയതിന്റെ വില.
ബിഎംഡബ്ല്യു ലൈഫ് സ്റ്റൈല്‍ നിരയില്‍ വരുന്നതാണ് സൈക്കിളുകള്‍. എം സൈക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹന്‍ലാലും ഉപയോഗിക്കുന്നത്. അലുമിനിയം ഫ്രെയിമിലാണ് നിര്‍മാണം. 26 ഇഞ്ച് മുന്‍ സസ്പെന്ഷന്, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്ആര്‍ സണ്ടൂര് ഇസഡ്സിആര്‍ മുന്‍ ഫോര്‍ക് എന്നിവ സൈക്കിളിലുണ്ട്. വ്യത്യസ്ത 30 ഗിയര്‍ കോംബിനേഷനുകളുണ്ട് ഈ മോഡലിന്. ചുവന്ന നിറത്തിലുള്ള റിം ആണ് ഉള്ളത്. 14.8 കിലോഗ്രാമാണ് സൈക്കിളിന്റെ ഭാരം.