മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികൾ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം എത്തുന്നത് 20 ഭാഷകളിലാണ്. ചിത്രം 20 ഭാഷകളിലേക്ക് എത്തിക്കുന്നതിന്റെ മുന്നോടിയായി ആശിർവാദ് സിനിമാസ് ദുബായിൽ പുതിയ ആസ്ഥാനം തുറന്നു. ഇതോടെ ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് പ്രവേശിക്കുകയാണ് ആശിർവാദ് സിനിമാസ്. സിനിമാ വിതരണ കമ്പനിയായ ഫാഴ്സ് സിനിമാസുമായി കൈ കോർത്താണ് വിതരണ രംഗത്തേക്ക് കടക്കുക.
പുതിയ സിനിമയായ റിഷഭയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ദുബായിൽ എത്തിയപ്പോൾ നൽകിയ അഭിമുഖത്തിലാണ് ബറോസിനെക്കുറിച്ചും മോഹൻലാൽ മനസു തുറന്നത്. കൈയിൽ ഇപ്പോൾ ബറോസ് എന്നൊരു വലിയ സിനിമയുണ്ടെന്നും അതിനെ ഏറ്റവും നന്നായി എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നാണ് ചിന്തിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഈജിപ്റ്റ് ഒരു വലിയ മാർക്കറ്റ് ആണെന്നും മോഹൻലാൽ പറഞ്ഞു. ഈ സിനിമയിൽ കൂടുതലും പുറത്തുള്ള ആക്ടേഴ്സാണ്. എമ്പുരാൻ എന്ന സിനിമയിൽ സൗദി അറേബ്യയിൽ നിന്നുള്ള ആക്ടേഴ്സിനെ ഒക്കെ കോ-ഓപ്പറേറ്റ് ചെയ്യിക്കുന്നതൊക്കെ വേണമെങ്കിൽ ചെയ്യാൻ പറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബറോസ് ചൈനീസ്, പോർച്ചുഗീസ് ഭാഷകളിൽ ഡബ്ബ് ചെയ്തോ സബ് ടൈറ്റിൽ നൽകിയോ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. എമ്പുരാൻ ഉൾപ്പെടെ ഇനി വരുന്ന ചിത്രങ്ങൾ രണ്ടിലേറെ ഭാഷകളിൽ ആയിരിക്കും നിർമിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന റിഷഭ എന്ന സിനിമയുടെ നിർമാണവും ദുബായ് കേന്ദ്രീകരിച്ചാണ്. ആശിർവാദ് സിനിമാസിന്റെ ആസ്ഥാനം ദുബായിൽ മോഹൻലാൽ ഉദ്ഘാടനം ചെയ്തു.