പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ നൂറാം ദിന വിജയാഘോഷം ഇന്നലെ കലൂർ ഗോകുലം പാർക്കിൽ വെച്ചു നടന്നു. ചിത്രത്തിന്റെ മുന്നിലും പിന്നിലും പ്രവൃത്തിച്ചവരെ കൂടാതെ സിനിമലോകത്ത് നിന്നുമുള്ള ഒട്ടനവധി പേർ പങ്കെടുത്ത ആഘോഷം പൂർണമായും താരനിബിഡമായിരുന്നു. ലാലേട്ടന്റെ സൂപ്പർഹിറ്റ് ഗാനങ്ങളുമായി ഒരു ബിഗ് ഓർക്കസ്ട്രാ തന്നെ മുഴുവൻ സമയവും വേദിയിൽ ഉണ്ടായിരുന്നു. പക്ഷേ അതിനെക്കാളേറെ ശ്രദ്ധ പിടിച്ചു പറ്റിയത് ലാലേട്ടന്റെ അഭിനന്ദനർഹമായ ഒരു പ്രവൃത്തിയാണ്. ചിത്രത്തിനായി അഹോരാഹം പ്രവൃത്തിച്ചവർക്കായി വേദിയിൽ വെച്ച് സമ്മാനിച്ച പുരസ്കാരങ്ങൾ ലാലേട്ടൻ തന്നെയാണ് എല്ലാവർക്കും സമ്മാനിച്ചത്. അതിന്റെ എണ്ണം മുന്നൂറിന് മുകളിലാണ് എന്നറിയുമ്പോൾ അത്ഭുതവും അദ്ദേഹത്തോടുള്ള ബഹുമാനവും കൂടും. ഇത്തരം പരിപാടികളിൽ പലർ ചേർന്നാണ് ഇത്തരം പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. ചില സമകാലീന സംഭവങ്ങളെ അധികരിച്ച് സിദ്ധിഖ് ലാലേട്ടന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചപ്പോൾ വമ്പൻ കൈയ്യടിയാണ് അതിന് ലഭിച്ചത്. സിനിമയിൽ ആരുമറിയാതെ പോകുന്ന മേഖലയിൽ ജോലിയെടുക്കുന്നവരെ ബഹുമാനിക്കുവാൻ മുന്നിട്ടിറങ്ങിയ ലാലേട്ടന്റെ ആ മനോഭാവം തന്നെയാണ് അദ്ദേഹത്തെ ഒരു സൂപ്പർസ്റ്റാർ ആക്കുന്നതും പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നതും.