നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മരക്കാർ തിയറ്ററുകളിലേക്ക് എത്തിയത്. ഡിസംബർ രണ്ടിന് പുലർച്ചെ തന്നെ തിയറ്ററുകൾ ആവേശത്തിലേക്ക് എത്തി. റിലീസിന് മുമ്പു തന്നെ ചിത്രം റിസർവേഷനിലൂടെ മാത്രം 100 കോടി നേടിയിരുന്നു. യു എ ഇയിലും ഓസ്ട്രേലിയയിലും എല്ലാം പുതിയ റെക്കോർഡുകൾ കുറിച്ച ചിത്രം കേരളത്തിൽ ഏറ്റവുമധികം പ്രദർശനങ്ങൾ ആദ്യദിവസം നടത്തിയ ചിത്രം എന്ന റെക്കോർഡും കുതിച്ചിരുന്നു. ഇപ്പോഴിതാ പിന്തുണയേകി ചിത്രത്തെ വിജയിപ്പിച്ച പ്രേക്ഷകർക്ക് ലാലേട്ടൻ നന്ദി അറിയിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ഏവരിൽ നിന്നും മരക്കാറിന് പോസിറ്റീവ് റിപ്പോർട്ട് കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുവെന്നാണ് ലാലേട്ടൻ കുറിച്ചത്. മരക്കാറിന് പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി പറയുവാൻ ലാലേട്ടൻ മടിച്ചില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ മരക്കാർ സംഭവിക്കില്ലായിരുന്നു എന്നാണ് അവരോട് ലാലേട്ടൻ അറിയിച്ചത്.
അതേസമയം, കേരളത്തിനു പുറത്തും മരക്കാർ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യു എ ഇയിൽ ആദ്യദിനം മാത്രം 2.98 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്ട്രേലിയയിലും ആദ്യദിനത്തിൽ പുത്തൻ റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്ട്രേലിയൻ സമയം രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്ട്രേലിയൻ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യൻ രൂപ 25 ലക്ഷത്തിന് മുകളിലാണിത്. 23,228 ഓസ്ട്രേലിയൻ ഡോളർ (12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) നേടിയ കുറുപ്പിനെയാണ് മരക്കാർ പിന്നിലാക്കിയത്.