‘ഒരു ലാലേട്ടൻ പടം കണ്ട് തല ഉയർത്തി, നെഞ്ച് വിരിച്ച് തിയറ്ററിൽ നിന്ന് ഇറങ്ങി വരാൻ കൊതിച്ച ലാലേട്ടൻ ഫാൻസിന്റെ ആഗ്രഹ സഫലീകരണമാണ് നേര്’ – ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് തിയറ്ററിൽ കണ്ടിറങ്ങിയ ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. ആരാധകർ ആവേശത്തിലാണ്. അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു കിട്ടിയിരിക്കുന്നു. അതിന് അവർ നന്ദി പറയുന്നത് സംവിധായകൻ ജീത്തു ജോസഫിനോട് ആണ്. സോഷ്യൽ മീഡിയയിൽ ജീത്തു ജോസഫിനെ വാനോളം പുകഴ്ത്തുകയാണ് മോഹൻലാൽ ആരാധകർ.
ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ 2007ലാണ് ജീത്തു ജോസഫ് വെള്ളിത്തിരയിലേക്ക് എത്തിയത്. മമ്മി & മി, മൈ ബോസ്, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പിന്നീട് ഇറങ്ങിയ ദൃശ്യം 2വും സൂപ്പർ ഹിറ്റ് ആയി. പത്തു വർഷങ്ങൾക്ക് മുമ്പ് 2013ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് ആയിരുന്നു ദൃശ്യം തിയറ്ററിൽ എത്തിയത്. ഇന്ന് കൃത്യം പത്തു വർഷങ്ങൾക്ക് ശേഷം 2023 ഡിസംബർ 21ന് നേര് തിയറ്ററുകളിലേക്ക് എത്തുകയാണ്. നേരിലെ വിജയമോഹൻ നിറഞ്ഞ കൈയടിയാണ് തിയറ്ററുകളിൽ സ്വന്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞ് പോസിറ്റീവ് പ്രതികരണങ്ങൾ വന്നു തുടങ്ങിയതോടെ ടിക്കറ്റുകളും വിറ്റു പോയി തുടങ്ങി. ഇതിനിടെ, “നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി”, എന്ന് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ജിത്തു സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളോട്, കള്ളത്തെളിവുകൾ ഉണ്ടാക്കി പ്രതികളെ രക്ഷിക്കുക മാത്രമല്ല, കള്ള തെളിവുമായി കോടതിയിൽ വരുന്ന പ്രതിയെ കീറി ഒട്ടിക്കുന്ന ക്രിമിനൽ ലോയർ കൂടിയാണ് ജീത്തു ജോസഫ്, നിങ്ങൾ എന്തൊരു മനുഷ്യനാണ്, നിങ്ങൾ മികച്ച ഒരു craftsman ആണ്, പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ…”, എന്നിങ്ങനെ പോകുന്നു പ്രശംസ കമന്റുകൾ. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.