മലയാള സിനിമക്ക് ഇന്ന് ശരിക്കും ഒരു ആഘോഷദിനം തന്നെയാണ്. കൊറോണഭീതിയുള്ളത് കൊണ്ട് മാത്രം ആ ആഘോഷം സോഷ്യൽ മീഡിയയിൽ മാത്രമായി ഒതുങ്ങി. മലയാളത്തിന്റെ താര ചക്രവർത്തിമാരിൽ ഒരാളായ ലാലേട്ടന്റെ അറുപതാം ജന്മദിനമാണിന്ന്. സെലിബ്രിറ്റികൾ എല്ലാവരും തന്നെ പ്രിയ നായകന് ആശംസകളുമായി എത്തിക്കഴിഞ്ഞു. അതിനിടയിലാണ് ജന്മദിനത്തിൽ ആദ്യമായി സംവിധാനം നിർവഹിക്കുവാൻ പോകുന്ന ബാരോസിന്റെ വിശേഷങ്ങൾ ലാലേട്ടൻ പങ്ക് വെച്ചത്.
ദി ക്യൂവുമായിട്ടുള്ള ഓൺലൈൻ അഭിമുഖത്തിലാണ് ലാലേട്ടൻ മനസ്സ് തുറന്നത്. ചിത്രത്തിന് പിന്നിൽ പ്രവൃത്തിക്കുന്ന പലരും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ളവരായതിനാൽ അവർ എത്താതെ ഒന്നും ചെയ്യുവാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം അവർ എത്തിയാൽ തന്നെ അവർക്കുള്ള താമസസൗകര്യങ്ങളും അവരുടെ മാനസികനിലയും എല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നും വ്യക്തമാക്കി. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വളർന്ന ഈ താടിയേക്കാൾ നീളം ബറോസിൽ ഉണ്ടാകും എന്നും ലാലേട്ടൻ പറഞ്ഞു.