ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.
മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ഈ കൊറോണ കാലത്ത് നിരവധി സഹായങ്ങൾ എത്തിക്കുവാൻ മോഹൻലാലിന് സാധിച്ചിരുന്നു. ഇപ്പോൾ പുണെ മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി PPE കിറ്റുകളും N95 മാസ്കുകളും സംഭാവന ചെയ്തിരിക്കുകയാണ് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ.
കഴിഞ്ഞ ദിവസം തമിഴ് നാട് സർക്കാരിന് PPE കിറ്റുകളും N95 മാസ്കുകളും വിശ്വശാന്തി ഫൗണ്ടേഷൻ എത്തിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം ഒതുങ്ങാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും സന്നദ്ധപ്രവർത്തനം വ്യാപിപ്പിക്കുകയാണ് മോഹൻലാൽ ഇതിലൂടെ.
നേരത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണാ വാര്‍ഡിലേക്ക് റോബോട്ടിനെ എത്തിച്ചിരുന്നു മോഹൻലാൽ. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷന് കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം നൽകിയത്. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോകോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ജോലികൾ.