‘അമ്മ’ സംഘടനയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആദ്യ മീറ്റിങ് കൊച്ചിയില്‍ നടന്നു. ഇലക്ഷനു ശേഷം പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുമായുള്ള ആദ്യ മീറ്റിങ് ആയിരുന്നു ഇത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുളള ഇന്റേണല്‍ കമ്മിറ്റി അമ്മ സംഘടനയില്‍ ഉണ്ടെന്ന് പ്രസിഡണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ യോഗമായിരുന്നുവെന്നും മറ്റ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് നടന് ഷമ്മി തിലകനോട് വിശദീകരണം തേടാന്‍ അമ്മ യോഗം തീരുമാനിച്ചു.
അമ്മ ജനറല്‍ ബോഡി യോഗം നടക്കുന്നതിനിടെ ഷമ്മി തിലകന് ചര്‍ച്ച ഫോണില്‍ പകര്‍ത്തിയതിന് എതിരെ സംഘടനാ നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഷമ്മി തിലകനുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായി അമ്മ വൈസ് പ്രസിഡണ്ട് മണിയന് പിളള രാജു വ്യക്തമാക്കി.ഷമ്മി തിലകന് അമ്മ നേതൃത്വത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിരന്തരം ആക്ഷേപം ഉന്നയിക്കാറുണ്ട്. ഷമ്മി തിലകനെ പുറത്താക്കണം എന്നാണ് അമ്മയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്
ജയസൂര്യ, വിജയ് ബാബു, ലാല്‍, ടിനി ടോം, ഉണ്ണി മുകുന്ദന്, സിദ്ദീഖ്, ഇടവേള ബാബു, ശ്വേത മേനോന്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.