വരിക്കാശ്ശേരി മന മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ഷൂട്ടിങ് ലൊക്കേഷനുകൾ ഒന്നാണ്. നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഈ മനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. വരിക്കാശ്ശേരി മനയെന്ന് കേട്ടാല്‍ സിനിമാപ്രേമികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ദേവാസുരത്തിലെ ‘മംഗലശ്ശേരി നീലകണ്ഠനും’ നരസിംഹത്തിലെ ‘പൂവള്ളി ഇന്ദുചൂഡനു’മൊക്കെയാവും. മോഹൻലാൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ കെട്ടിടത്തിലേക്ക് ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെയെത്തിയിരിക്കുകയാണ് മോഹൻലാൽ.
ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ബി ഉണ്ണികൃഷ്ണന് ചിത്രം ‘ആറാട്ടി’ന്റെ ഭാഗമായാണ് മോഹന്‍ലാല്‍ തന്റെയും പ്രിയ ലൊക്കേഷനുകളിലൊന്നില്‍ വീണ്ടും എത്തിയത്.മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്റെ ചിത്രം പങ്കുവച്ചത്. ‘മംഗലശ്ശേരി നീലകണ്ഠന്’ എന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ആറാട്ടിന്റെ ലൊക്കേഷനിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രവും ഈ മനയിൽ നിന്നുള്ളതാണെന്നാണ് ആരാധകർ കരുതുന്നത്.
ഏതായാലും മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ കുറച്ച് ചിത്രങ്ങൾ വരിക്കാശ്ശേരി മനയിൽ ഷൂട്ട് ചെയ്തവയായിരുന്നു. അത് കൊണ്ട് തന്നെ ആറാട്ടും അങ്ങനെയുള്ള ഒന്നാകുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.