നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം. 2019 ഏപ്രിലിൽ ആയിരുന്നു മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ‘ബറോസ്’ പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലും കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടക്കുകയും ചെയ്തു. പക്ഷേ, അതെല്ലാം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നെന്ന് മോഹൻലാൽ തന്നെ കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഷെഡ്യൂൾ ബ്രേക്ക് നീണ്ടതിനാൽ കണ്ടിന്യൂറ്റി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ചിത്രം നേരിട്ടതിനെ തുടർന്നാണ് അത്.
ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായ ഭൂതമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആന്‍ഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന് എന്നിവരും പ്രധാനവേഷത്തിലുണ്ടാകും. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
ഇപ്പോഴിതാ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ള മികച്ച സംവിധായകരിൽ ഒരാളെന്നാണ് സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തത്. ബറോസ് എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സന്തോഷ് ശിവൻ നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തിരക്കഥാകൃത്ത് ജിജോ പൊന്നൂസ് നേരത്തെ തന്നെ വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ, സമയമില്ല എന്നായിരുന്നു താന്‍ പറഞ്ഞത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ അണ്ണൻ എന്ന് സന്തോഷ് ശിവൻ വിളിക്കുന്ന മോഹൻലാൽ വിളിച്ചത് കൊണ്ടാണ് താൻ വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
having a great time filming Barroz with Mohanlal Directing, easily one of the better directors i hv worked with👌
— SantoshSivanASC. (@santoshsivan) January 20, 2022
ബറോസ് ഒരു ത്രീഡി സിനിമയാണ്. ടെക്നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. മാത്രമല്ല ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രീഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയിലുണ്ട്. ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ സബ്ജക്ടാണെന്നും അത് എപ്പോഴും ചെയ്യാന്‍ പറ്റില്ലെന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.