മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ റാം റിലീസിന് എത്തുന്നത് രണ്ടു ഭാഗങ്ങളിലായി. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുക. ചിത്രം വലിയ രീതിയിൽ ആണ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ. മോഹൻലാലിന് ഒപ്പം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ടു ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ബാക്കി ഭാഗത്തിന്റെ ഷൂട്ടിംഗ് യുകെയിലും യൂറോപ്പിലും ആയിട്ടായിരിക്കും നടക്കുക. ഉടൻ തന്നെ ബാക്കിയുള്ള ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഷകളിൽ ആയിരിക്കും ചിത്രം റിലീസിന് എത്തുക. ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളിൽ ഒരു പ്രമുഖ പാൻ ഇന്ത്യൻ സ്റ്റാറും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. റാം ചെറിയ സിനിമയല്ല വമ്പൻ സിനിമയായിരിക്കും എന്ന ഉറപ്പാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്കു ശേഷം ഇതേ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം രണ്ട് ഭാഗങ്ങളിലായി എത്തുന്നു എന്നത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാം. ദൃശ്യം രണ്ടിന് മുൻപേ തന്നെ റാമിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും, ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ആയതിനാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തി വെക്കുകയായിരുന്നു. സിനിമയുടെ പ്രധാനഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തത് വിദേശ രാജ്യങ്ങളിൽ ആയിരുന്നു.
ദൃശ്യം ഒരു ഫാമിലി ഡ്രാമയായിരുന്നെങ്കിൽ റാം ഒരു ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിരുന്നു. തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ് റാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ വ്യത്യസ്തത ഗെറ്റപ്പുകൾ ഉണ്ട്. ജീത്തു ജോസഫിന്റെ ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന് എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസും മാക്സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രമാണ് റാം.