സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു എന്നതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. റിലീസിന് ദിവസങ്ങൾക്ക് മുമ്പേ അഡ്വാൻഡ് ബുക്കിംഗ് ആരംഭിച്ചിരുന്നു. അഡ്വാൻസ് ബുക്കിംഗിൽ വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 1204 ഷോകളായി ഏകദേശം 1.35 കോടിയാണ് പ്രി – സെയിലിലൂടെ മാത്രം ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ദിവസം കൊണ്ടു തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.
അതേസമയം, അഡ്വാൻസ് ബുക്കിംഗിൽ ഏറ്റവും മുമ്പിൽ എറണാകുളമാണ്. ഏറ്റവുമധികം ഷോകളും ബുക്കിംഗും എറണാകുളത്താണ്. 217 ഷോകളിലായി 22,102 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും.
ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ എത്തും.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്മാര്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന് എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക.