ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രമാണ് ‘നേര്’. ഡിസംബർ 21ന് റിലീസ് ആയ ചിത്രം തിയറ്ററുകളിൽ വൻ വിജയമാണ് സ്വന്തമാക്കിയത്. പത്തു വർഷം മുമ്പ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യത്തിന്റെ വൻ വിജയത്തിനു ശേഷം സമാനമായ വിജയമാണ് നേര് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തില്‍ നിന്ന് 3.04 കോടി നേടിയ ചിത്രത്തിന്റെ ഏറ്റവും മികച്ച കളക്ഷന്‍ ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തില്‍ നിന്ന് നേടിയത്.
ഏഴാം ദിവസമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തി. പ്രമുഖ ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെ നിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിന്റെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തില്‍ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.