മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിഎ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. വടക്കൻ കേരളത്തിൽ പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ചിത്രം. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിൽ ഒന്നായിരുന്നു ഒടിയൻ. ഇപ്പോൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിയിരിക്കുകയാണ് ഒടിയൻ. പെൻ മൂവീസ് ആണ് ഒടിയൻ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത് എത്തിച്ചിരിക്കുന്നത്. പെൻ മൂവീസിന്റെ യുട്യൂബ് ചാനലിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ആഴ്ച കൊണ്ട് ഒരു കോടിയിൽ അധികം കാഴ്ചക്കാരാണ് ഒടിയന് ഹിന്ദിയിൽ ലഭിച്ചത്.
സംവിധായകൻ വി എ ശ്രീകുമാർ തന്നെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മോഹൻലാലിന്റെ പിറന്നാൾ ദിവസമായ മെയ് 21ന് സോഷ്യൽ മീഡിയയിൽ ആശംസ നേർന്ന പങ്കുവെച്ച പോസ്റ്റിലാണ് ഈ സന്തോഷവും പങ്കുവെച്ചത്. ‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ… RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ…’
തന്റെ പ്രിയപ്പെട്ട നായകന് ഒരുകോടി പിറന്നാൾ ആശംസകൾ നേർന്നാണ് ശ്രീകുമാർ മേനോൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത ഹിന്ദി ഒടിയനെ പ്രശംസകൾ കൊണ്ട് ആരാധകർ മൂടുകയാണ്. മോഹൻലാൽ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഇന്ത്യയ്ക്ക് പുറത്തു നിന്നുമുള്ള നിരവധി പ്രേക്ഷകരാണ് മികച്ച ചിത്രമാണെന്ന് കമന്റ് ചെയ്തിരിക്കുന്നത്.