തന്റെ അഭിനയ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും യാത്രകൾ പോകാനും സമയം കണ്ടെത്തുന്ന ഒരു താരമാണ് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം ന്യൂസ്ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലാലേട്ടൻ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ന്യൂസ് ലൻഡിലെ ഹോബിട്ടൻ എന്ന സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഹോളിവുഡ് ഹിറ്റ് ചിത്രമായ ദി ലോഡ് ഓഫ് ദി റിങ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങളും ജാക്കറ്റും തൊപ്പിയും ധരിച്ച് ഒരു പെയ്ന്റിങ്ങിനോടൊപ്പമുള്ള ചിത്രവും താരം ഇതിനുമുൻപ് പങ്കുവെച്ചിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബ്രദറിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രിയദർശൻ – മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായും പ്രേക്ഷകർ കാത്തിരിക്കുന്നു.
ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്.
വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.