കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായ ഹോമിന് വളരെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോജിൻ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ളൈ, നസ്ലെൻ, കൈനകരി തങ്കച്ചൻ, ജോൺ ആന്റണി, കെ പി ഏ സി ലളിത, ശ്രീകാന്ത് മുരളി, വിജയ് ബാബു എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ത്രില്ലറുകൾ കൊണ്ടും റിയലിസ്റ്റിക് ചിത്രങ്ങൾ കൊണ്ടും സമ്പന്നമായിരിക്കുന്ന ഇന്നത്തെ മലയാള സിനിമയിൽ പ്രേക്ഷകർക്ക് ലഭിച്ച ഒരു പക്കാ ഫീൽ ഗുഡ് ചിത്രമാണ് ഹോം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം.
ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും എത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഒരു പ്രധാന റോൾ കൈകാര്യം ചെയ്ത നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് ലാലേട്ടന്റെ വാട്ട്സാപ്പ് സന്ദേശം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. വളരെ മികച്ച സിനിമ. ഇനിയും ഇത് തുടരുക’ എന്നാണ് മോഹൻലാൽ മെസ്സേജ് അയച്ചിരിക്കുന്നത്.
ലിവർ ട്വിസ്റ്റ് എന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഭാര്യ കുട്ടിയമ്മക്കും മക്കൾ ആന്റണിക്കും ചാൾസിനും അപ്പച്ചനുമൊപ്പം ജീവിക്കുന്ന ഒലിവർ ട്വിസ്റ്റിന്റെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം ഒറ്റക്കായി പോകുന്ന ഒരു ‘അപ്ഡേറ്റഡ്’ അല്ലാത്ത ഒരു മനുഷ്യന്റെ ജീവിതം കൂടി ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് കാണിച്ചുതരുന്നുണ്ട്. ചിത്രത്തിന് പ്രിയദർശൻ, ഏ ആർ മുരുഗദോസ് എന്നിങ്ങനെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.