ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കാനുള്ള തിരക്കിലാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ തീരുമ്പോൾ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും പിന്നീട് മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പുറത്തുവരും. ഇതിനിടയിൽ മോഹൻലാലിന്റെ പുതിയ ചില സിനിമകളെകുറിച്ച് ഔദ്യോഗികമല്ലാത്ത വാർത്തകൾ പുറത്തു വരികയാണ്. അതിലൊന്ന് മോഹൻലാലിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നു എന്നതാണ്. എന്നാൽ അണിയറ പ്രവർത്തകർ ഇതിനെകുറിച്ച് ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
മുന്തിരി മൊഞ്ചന്‍ എന്ന സിനിമയ്ക്ക് ശേഷം വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പ്രശസ്ത സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതായിട്ടാണ് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും മോഹന്‍ലാല്‍ സ്ഥിരികരിച്ചിരുന്നില്ല. ഒടുവിൽ സംവിധായകൻ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്.
‘ഒരു തയ്യാറെടുപ്പിലാണ്. മാനസികമായും ശാരീരികമായും. ലോകം കണ്ട മഹാസംഗീത പ്രതിഭയുടെ ജീവിതം ലോക സിനിമയില്‍ പകരം വെക്കാനില്ലാത്ത നമ്മുടെ എല്ലാമെല്ലാമായ മറ്റൊരു മഹാകലാകാരന് സമര്‍പ്പിക്കുവാന്‍. വേറെ ഒന്നും മനസ്സില്‍ വരുന്നില്ല. ഇപ്പോള്‍ അലട്ടുന്ന മറ്റൊരു ചോദ്യം. ഗാനഗന്ധര്വന് ആരാകണം? ഉദിച്ചു നില്ക്കുന്ന മറ്റൊരു സകലകലാവല്ലഭനാണ് മനസ്സില്‍. മുന്നോട്ടു പോകുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും ഉണ്ടാകണം’ എന്നാണ് കുറിപ്പ്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതകഥയാണെന്ന് ഹാഷ് ടാഗിലൂടെ സംവിധായകന് വ്യക്തമാക്കുകയും അദ്ദേഹവും ഗാനഗന്ധര്വ്വന് യേശുദാസും ഒന്നിച്ചുള്ള പഴയൊരു സംഗീത കച്ചേരിയുടെ ഫോട്ടോയും വിജിത്ത് നമ്പ്യാര്‍ അതിനോടൊപ്പം പങ്കുവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ അന്വേഷണങ്ങൾ ഉയർന്നപ്പോൾ ചെമ്പൈ ഭാഗവതരായി മോഹന്‍ലാല്‍ അഭിനയിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഗാനഗന്ധർവ്വൻ ആയി ആരെത്തും എന്നതായിരുന്നു പിന്നീട് സംശയം. ഇതിനിടെ അണിയറപ്രവർത്തകർ പൃഥ്വിരാജുമായി കരാറിലേർപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്.