ഒടിയൻ…അത് സത്യമോ മിഥ്യയോ എന്ന് ഇനിയും സംശയമുണർത്തുന്ന ഒന്നാണ്. പാലക്കാടൻ കാറ്റിന്റെ ചൂരേറ്റ് ഒടിയനും ഒടിവിദ്യയും ശയിക്കുന്നുണ്ട് എന്നത് തന്നെയായിരിക്കും വാസ്തവം. ആ ഒടിയന്റെ കഥയെ വെള്ളിത്തിരയിലേക്ക് പകർത്തി എഴുതിയപ്പോൾ പ്രേക്ഷകർക്കും അതൊരു വേറിട്ട അനുഭവമായി. മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒടിയൻ 100 കോടി ക്ലബ്ബിലേറി ഇപ്പോഴും പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ഒടിയന്റെ മറ്റൊരു വരവിന് മോഹൻലാൽ വഴി തെളിച്ചിരിക്കുന്നത്.
മനുഷ്യമനസ്സിന്റെ സങ്കല്പങ്ങളിൽ നിന്നും സമൂഹ സാഹചര്യങ്ങളിൽ നിന്നും പിറവി കൊണ്ട് ആധുനികതയുടെ വേലിയേറ്റത്തിൽ അപ്രത്യക്ഷമായ ഒടിയൻ എന്ന രഹസ്യത്തിലേക്ക് ഒരു യാത്ര. ‘ഇരവിലും പകലിലും ഒടിയൻ’ എന്ന ഒടിവിദ്യയുടെ രഹസ്യങ്ങളിലേക്കുള്ള ഒരു ഡോക്യൂമെന്ററിയുടെ പോസ്റ്ററാണ് മോഹൻലാൽ റിലീസ് ചെയ്തത്. നോവിൻ വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഡോക്യൂമെന്ററിയുടെ തിരക്കഥ ടി അരുൺകുമാറും ക്യാമറ അനന്ത ഗോപാലുമാണ്.