മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിക്കാൻ എത്തി മോഹൻലാൽ. മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാൽ ഹാരം അർപ്പിച്ച് അനുഗ്രം വാങ്ങി. ഏറെ നേരം അമൃതാനന്ദമയിയുടെ സന്നിധിയിൽ ചെലവഴിച്ച മോഹൻലാൽ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷവും വിപുലമായ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ജന്മദിനമായ സെപ്തംബർ 27നാണ് എല്ലാ തവണയും ആഘോഷം നടക്കുന്നതെങ്കിലും ഇത്തവണ ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് പിറന്നാൾ ആഘോഷിച്ചത്.
മാതാ അമൃതാനന്ദമയിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് – ‘മാതാ അമൃതാനന്ദമയി അമ്മയെ ഞാൻ ആദ്യം കാണുന്നത് എന്റെ 12–ാം വയസ്സിലാണ്. അന്ന് പൂർവാശ്രമത്തിലെ സുധാമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ അമ്മാവന്റെ വീട്ടിൽ പലപ്പോഴും അമ്മ വന്നു താമസിക്കുമായിരുന്നു. അത്രയേറെ ആത്മബന്ധം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കുമുണ്ടായിരുന്നു. അന്നു വളരെ കുറച്ചു പേരേ അമ്മയെ കാണാൻ എത്തിയിരുന്നുള്ളൂ. അമ്മയെ എന്നിലേക്ക് അടുപ്പിച്ചത് എന്തോ എനർജിയാണ്. അതു പറഞ്ഞു മനസ്സിലാക്കാനാകില്ല. പുഴയിലൂടെ ഒഴുകിവരുന്ന വെള്ളാരംകല്ലുകൾ വർഷങ്ങൾ ഒഴുകിയ ശേഷമാണത്രേ ഉരുണ്ട് മനോഹരമായ കല്ലുകളാകുക. ചിലപ്പോൾ അത് അതീവ പവിത്രമായ സാളഗ്രാമങ്ങളാകും. അമ്മയുടെ ജന്മവും അതുപോലെയാണെന്നു ഞാൻ വിശ്വസിക്കുന്നു. എത്രയോ ജന്മങ്ങളിലൂടെ ഒഴുകി ഇവിടെയെത്തിയൊരു അതീവ പവിത്രമായ സാളഗ്രാമം. അമ്മയും ഗുരുവും വെവ്വേറെയാണെന്നു ഞാൻ കരുതുന്നില്ലെന്നും മോഹൻലാൽ കുറിച്ചു.