സിനിമാതിരക്കുകളിൽ നിന്ന് മാറി ആത്മീയതയുടെ വഴിയേ മോഹൻലാൽ. ആന്ധ്രാപ്രദേശിലെ ആശ്രമിത്തിലാണ് മോഹൻലാൽ എത്തിയത്. ആന്ധ്രയിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലേക്കാണ് സിനിമാ തിരക്കുകൾ എല്ലാം മാറ്റിവെച്ച് മോഹന്‍ലാല്‍ എത്തിയത്. എഴുത്തുകാരന് ആര് രമാനന്ദും യാത്രയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ രമാനന്ദ് ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മോഹൻലാൽ സ്വാമിയോട് സംസാരിക്കുന്നതും ആശ്രമം കാണുന്നതും സ്വാമിക്കും മറ്റുള്ളവർക്കും ഒപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ചിത്രങ്ങളിൽ കാണാം. കഴിഞ്ഞ വര്‍ഷം അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം മോഹന്‍ലാല്‍ സന്ദര്‍ശിച്ചതും രമാനന്ദിനൊപ്പം ആയിരുന്നു.
അതേസമയം, വലിയ സിനിമകളാണ് മലയാളത്തിലും മറ്റ് ഭാഷകളിലുമായി മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നേര് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. സലാർ. ഡങ്കി എന്നീ വമ്പൻ ചിത്രങ്ങൾക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ അടുത്ത ഹിറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്ക് ഒപ്പമുള്ള ‘മലൈകോട്ടൈ വാലിബന്’ ആണ് മോഹൻലാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. 2024 ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. കൂടാതെ പാന്‍ ഇന്ത്യന്‍ ചിത്രമായി ‘വൃഷഭ’ അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.