ഖത്തറിന്റെ മണ്ണിലേക്ക് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പറന്നിറങ്ങിയത് പുലർച്ചെ ഒന്നരയ്ക്ക്. തങ്ങളുടെ പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് അർദ്ധരാത്രിയിലും വിമാനത്താവളത്തിൽ എത്തിയത്. ഖത്തർ ലോകകപ്പിനുള്ള തന്റെ സമ്മാനം നൽകുന്നതിനു വേണ്ടിയാണ് മോഹൻലാൽ ലോകകപ്പിന് വേദിയൊരുങ്ങുന്ന നാട്ടിലേക്ക് എത്തിയിരിക്കുന്നത്. സംഗീതവും ഫുട്ബോളും കോർത്തിണക്കി ആരാധകർക്കായി അണിയിച്ചൊരുക്കിയ വീഡിയോ ഇന്ന് ഖത്തറിൽ റിലീസ് ചെയ്യും.
30നു വൈകുന്നേരം 7.30ന് ഗ്രാന്റ് ഹയാത്ത് ദോഹ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ് ഫുട്ബോള്‍ ആരാധകര്‍ക്കായി മോഹൻലാൽ അണിയിച്ച് ഒരുക്കിയ ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന് ടു ഖത്തര്‍’ എന്ന ലോകകപ്പ് സംഗീത വീഡിയോ പുറത്തിറക്കുക. നാലു മിനിറ്റാണ് വീഡിയോയുടെ ദൈർഘ്യം.
ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും ചേർന്നാണ് റിലീസിങ്ങ് നടത്തുന്നത്. 31നു ആരാധകര്‍ക്ക് മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരം റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.