കോവിഡ് തകർത്ത മലയാള സിനിമ ലോകം അതിജീവനത്തിന്റെ പാതയിലാണ്. നിരവധി സിനിമകൾ ചിത്രീകരണം പുനഃരാരംഭിക്കുകയും പുതിയ ചില സിനിമകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനിടയിൽ കോവിഡ് പ്രതിസന്ധിയെ മറികടക്കുവാൻ പ്രതിഫലം പകുതിയായി കുറക്കുവാൻ നിർമ്മാതാക്കൾ അഭിനേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. പ്രതിഫലം കുറച്ച നടന്മാരുടെ ചിത്രങ്ങൾക്ക് മാത്രമേ ചിത്രീകരണ അനുമതി നൽകിയിട്ടുള്ളൂ. മുൻ ചിത്രത്തേക്കാൾ പകുതി പ്രതിഫലമേ മോഹൻലാൽ ദൃശ്യം 2വിൽ അഭിനയിക്കുവാൻ വാങ്ങിച്ചുള്ളൂ എന്ന് വ്യക്തമാക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ടോവിനോ 25 ലക്ഷം കൂട്ടിയെന്നും വെളിപ്പെടുത്തി. പ്രതിഫലം ഉയർത്തിയ ടോവിനോയുടെയും ജോജുവിന്റെയും ചിത്രങ്ങൾക്ക് ചിത്രീകരണാനുമതി നിഷേധിച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.