വീണ്ടും സൈക്കിള്‍ സവാരിയുമായി നടന് മോഹന്‍ലാല്‍. ലാലിന്റെ സുഹൃത്തും ബിസിനസ്സുകാരനുമായ സമീര്‍ ഹംസ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ലാലേട്ടന് സൈക്കിളോടിക്കുന്ന വിഡിയോ പങ്കുവച്ചത്. ‘അനന്തന്റെ മോന് ഇപ്പോഴും നാടുവഴി തന്നെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു സമീറിന്റെ വിഡിയോ.
View this post on Instagram
മണിക്കൂറുകള്‍ക്കുള്ളില്‍ സൈക്ലിങ് പ്രേമികളും ആരാധകരും ചേര്‍ന്ന് വിഡിയോ ഏറ്റെടുത്ത് വൈറലാക്കി. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് തന്റെ ബിഎംഡബ്യു സൈക്കിളില്‍ അനായാസം നീങ്ങുന്ന മോഹന്‍ലാല്‍ ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ ഗിയറുകളും അണിഞ്ഞിട്ടുണ്ട്. ഒപ്പത്തിനൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങുന്ന സമീര്‍ ഹംസയെയും വിഡിയോയില്‍ കാണാം. ഇതിനു മുന്‍പ് തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാല്‍ പ്രഭാതത്തില്‍ സൈക്കിളോടിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ജനിച്ചു വളര്‍ന്ന നഗരത്തിലൂടെ ഒരിക്കല്‍ കൂടിയൊന്ന് സൈക്കിളോടിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യമായിരുന്നു അതെങ്കില്‍ പുതിയ വിഡിയോ പൂര്‍ണമായും വ്യായാമത്തിന്റെയും ഫിറ്റ്നസിന്റെയുമെല്ലാം പ്രാധാന്യം വിളിച്ചോതുന്നു. ചെന്നൈ കടല്‍തീരത്തിന് സമീപമുള്ള വീട്ടില്‍ മോഹന്‍ലാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വിഡിയോയും കുറച്ച് കാലം മുന്‍പ് സമീര്‍ ഇന്‍സ്റ്റയില്‍ ഇട്ടിരുന്നത് വൈറല്‍ ആയിരുന്നു.
സൈക്ലിങ്ങിനോടുള്ള പ്രിയം മുന്‍പും ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘ആരോഗ്യത്തോടെ ഇരിക്കാം, സന്തോഷത്തോടെ ഇരിക്കാം’ എന്ന അടിക്കുറിപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സൈക്ലിങ് ചിത്രം 2017 മാര്‍ച്ചില്‍ മോഹന്‍ലാല്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.