മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രം ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. നേരിന്റെ പ്രമോഷൻ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ ജീത്തു ജോസഫിന് ഒപ്പമാണ് മോഹൻലാൽ എത്തിയത്. വാർത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവർത്തകർക്ക് ഒപ്പം മോഹൻലാൽ പകർത്തിയ സെൽഫി വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
‘നേര് മൂവി പ്രമോഷൻ സമയത്ത് എന്റെ ഓൺലൈൻ മീഡിയ സുഹൃത്തുക്കൾക്കൊപ്പം’, എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരിക്കുന്നത്. സെൽഫി വീഡിയോ എടുക്കുന്ന സമയത്ത് ‘നമ്മളില്ല, നമ്മളില്ല’ എന്ന് അടുത്തുള്ളവർ പറയുമ്പോൾ ഇങ്ങനെ കൂടി തിരിഞ്ഞേക്കാം എന്ന് പറഞ്ഞ് എല്ലാവരെയും ഉൾപ്പെടുത്തിയാണ് സെൽഫി വീഡിയോ. ആരാധകർ ഇരു കൈയും നീട്ടിയാണ് ഈ വീഡിയോ സ്വീകരിച്ചത്. നേര് എത്താൻ വേണ്ടി കാത്തിരിക്കുകയാണെന്നും 21ാം തിയതി വരെ കാത്തിരിക്കാൻ വയ്യെന്നുമെല്ലാം ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത നേരിന്റെ ട്രയിലർ രണ്ട് മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോർട്ട് റൂം വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.