അങ്ങനെ ആരാധകർ കാത്തിരുന്ന വസന്തകാലം എത്തുകയായി. ബിഗ് ബോസ് സീസൺ 5 പ്രമോ എത്തി. മോഹൻലാൽ തന്നെയാണ് ഒറിജിനൽ എന്ന ടൈറ്റിലിൽ എത്തിയ പ്രമോ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബാറ്റിൽ ഓഫ് ദ ഒറിജിനൽസ് എന്നാണ് ബിഗ് ബോസ് സീസൺ 5ന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഒറിജിനൽസ് ഒത്തുകൂടുമ്പോൾ തീ പാറുമെന്ന് പറഞ്ഞാണ് പ്രമോ മോഹൻലാൽ അവസാനിപ്പിക്കുന്നത്.
വളരെ രസകരമായ കമന്റുകളാണ് മോഹൻലാൽ പങ്കുവെച്ച പ്രമോ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഇത് ഒറിജിനൽസിന്റെ ഷോ ആണെന്ന് മോഹൻലാൽ വ്യക്തമാക്കിയത് കൊണ്ടാകും ബി പി എൽ കാർക്ക് എന്തെങ്കിലും ഷോ ഉണ്ടോയെന്ന് ആയിരുന്നു ആരാധകരുടെ സംശയം. നിരവധി പേ കുടുംബപ്രേക്ഷകർക്ക് വീണ്ടും ലാലേട്ടനെ കാണാമല്ലോയെന്ന സന്തോഷം പങ്കുവെയ്ക്കുമ്പോൾ ചിലർക്ക് അറിയേണ്ടത് ഈ ഷൂട്ടിംഗ് തിരക്കിനിടയിലും ഇതിനൊക്കെ എവിടെയാണ് സമയമെന്നാണ്.
അതേസമയം, ബിഗ് ബോസ് സീസൺ 5ലേക്ക് ആരൊക്കെ ആയിരിക്കും എത്തുക എന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. നടൻ ശ്രീനാഥ് ഭാസിയുടെയും നടി ഗായത്രി സുരേഷിന്റെയും പേര് ഇതിലേക്ക് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഒന്നിലും വ്യക്തതയില്ല. ആരൊക്കെ ആയിരിക്കും ഇത്തവണ ബിഗ് ബോസ് കുടുംബത്തിലേക്ക് എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.