ബ്രഹ്മാണ്ഡ റിലീസായി ഒടിയൻ തീയറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മലയാള സിനിമയിലെ എക്കാലത്തേയും വമ്പൻ റിലീസുമായി എത്തുന്ന ഒടിയൻ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഇതിനകം തന്നെ ഉയർത്തി കഴിഞ്ഞു. റെക്കോർഡുകൾ പലതും ഇതിനകം തിരുത്തിക്കുറിച്ചു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രീ റിലീസ് ബിസിനസ് കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. ലാലേട്ടന്റെ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രകടനം തന്നെയാണ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും. പീറ്റർ ഹെയ്നാണ് ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മനുഷ്യനായും മൃഗമായും മാറുന്ന ഒടിയൻ മാണിക്യന്റെ ആക്ഷൻ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ലാലേട്ടൻ.
“രണ്ടു കാലിൽ നടക്കുകയും ആക്ഷൻ ചെയ്യുകയും പ്രയാസമുള്ള കാര്യമല്ല. എന്നാൽ തീരെ സൗകര്യങ്ങളില്ലാത്ത പറമ്പുകളിലും പാടത്തും നാലുകാലിൽ ദിവസങ്ങളോളം നടക്കുകയും ഭാരമേറിയ വേഷങ്ങൾ ധരിച്ച് ആക്ഷൻ ചെയ്യുകയും ചെയ്യുക എന്നതു എന്റെ സിനിമാ ജീവിതത്തിൽ അപൂർവമാണ്. മിക്കപ്പോഴും രാത്രി ദേഹത്ത് എവിടെയെല്ലാമോ വല്ലാത്ത വേദനയുണ്ടായിരുന്നു. അസ്വസ്ഥതയുണ്ടായിരുന്നു.” ലാലേട്ടൻ പറഞ്ഞു.
“പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. പക്ഷേ അതെല്ലാം എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്.ആ വേഷം കാണുമ്പോൾ നിങ്ങൾ ഇതൊന്നും ഓർക്കേണ്ടതില്ല. ഞാനതു നന്നായി ചെയ്തോ എന്നുമാത്രമാണു നോക്കുന്നത്. ഒരു മൃഗത്തിന്റെ നന്മയിലേക്കു ഞാൻ കടന്നു ചെന്നു എന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. എനിക്കു കഴിയാവുന്ന തരത്തിൽ ഭംഗിയായി ചെയ്യാൻ നോക്കിയിട്ടുണ്ട്. വാനപ്രസ്ഥംപോലെ, കാലാപ്പാനിപോലെ ഞാൻ ശ്രമിച്ചു.” ലാലേട്ടൻ കൂട്ടിച്ചേർത്തു. എന്തായാലും ബിഗ് സ്ക്രീനിൽ വിരിയുന്ന ബിഗ് വിസ്മയത്തിനായി ആവേശത്തോടെ നമുക്ക് കാത്തിരിക്കാം.