കോവിഡ് തകർത്തു തരിപ്പണമാക്കിയ മലയാള സിനിമ ലോകത്തിന് പുത്തനുണർവ് നൽകിയാണ് ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ കാത്തു സൂക്ഷിച്ചാണ് ചിത്രീകരണം നടക്കുന്നത്. ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചതിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ‘ജോർജ്കുട്ടി’ മനസ്സ് തുറന്നത്.
ഇതു വല്ലാത്ത റിസ്കാണെന്ന് അറിഞ്ഞിട്ടു ചെയ്യുന്നതാണ്. എത്രയോ പേരുടെ ജീവിതമാണു സിനിമ. എവിടെനിന്നെങ്കിലുമൊരു ശക്തമായ നീക്കമുണ്ടായാൽ ഈ പ്രതിസന്ധിയിലും പലരുടെയും ജീവിതത്തിന് ആശ്വാസമാകുമെന്നു തോന്നി. ആ നീക്കം ഞങ്ങളുടെ ഭാഗത്തുനിന്നു തന്നെയാകട്ടെ എന്നു കരുതി. മറ്റു പലരും ഇതിനു തയാറായി എന്നതും സന്തോഷം.
സെറ്റിലെ ഒരാൾക്കു രോഗം വന്നാൽ എല്ലാവരും ജോലി നിർത്തേണ്ടിവരും. എല്ലാ സുരക്ഷയും പാലിച്ചാണു ഷൂട്ട് ചെയ്യുന്നത്. ലോകത്തു പലയിടത്തും തിയറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകളില്ലാത്തതിനാൽ ആളില്ല. നമ്മുടെ നാട്ടിൽ തുറക്കുമ്പോൾ പുതിയ സിനിമയുമായി ഞങ്ങൾ കാഴ്ചക്കാരെ കാത്തുനിൽക്കും. എത്ര കാലമാണു പേടിച്ച് അകത്തിരിക്കുക? എനിക്കോ ആന്റണിക്കോ കുറച്ചുകാലം അകത്തിരിക്കാവുന്നതേയുള്ളു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട എത്രയോ പേരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. ഇത്രയും കാലം കൂടെനിന്ന അവരെയാണു ഞങ്ങൾ ഓർക്കുന്നത്.’