മലയാള സിനിമയുടെ ബോക്സ് ഓഫീസ്, തീയേറ്റർ റൺ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും കൈവശമുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഗിന്നസ് ബുക്കിലും തന്റെ പേര് എത്തിച്ചിട്ടുള്ള മോഹൻലാൽ രണ്ടുദിവസം മുൻപ് ഒരിക്കൽ കൂടി തന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർട്സിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ബ്ലെസ്സി സംവിധാനം ചെയ്ത 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂർ ദൈർഘ്യമുള്ള ഡോകുമെന്ററിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ചപ്പോൾ, അതിനു വേണ്ടി തന്റെ ശബ്ദം നൽകിയ മോഹൻലാലിനും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി.
ആദ്യമായി അദ്ദേഹത്തിന്റെ പേര് ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തിയത് ഗൾഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോഹൻലാൽ നേതൃത്വം നൽകുന്ന ലാൽ കെയെർസ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്സ് നിർമ്മിച്ചപ്പോൾ ആണ്. അദ്ദേഹം അഭിനയിച്ച പുലിമുരുകൻ എന്ന ചിത്രത്തിന്റെ 3D വേർഷന്റെ പ്രദർശനം ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത 3D മൂവി പ്രീമിയർ ആയി മാറിയപ്പോൾ രണ്ടാമതും അദ്ദേഹം ഗിന്നസ് റെക്കോർഡിന്റെ ഭാഗമായി. ബ്ലെസ്സി ഒരുക്കിയത് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കുറിച്ചുള്ള ബയോഗ്രാഫിക്കൽ ഡോകുമെന്ററി ആണ്.