മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ഒരു അഭിമുഖത്തിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ തീയറ്ററുകളിൽ എത്തിയ ബി ഉണ്ണികൃഷ്ണൻ – ദിലീപ് ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത് കോമഡിയും സസ്പെൻസും ആക്ഷനും എല്ലാം നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുൾ ഷോകളാണ് എങ്ങും. പതിവ് ശൈലിയിൽ നിന്നും മാറി കോമഡി ട്രാക്കിൽ ചിത്രമൊരുക്കിയ ബി ഉണ്ണികൃഷ്ണൻ തന്റെ പുതിയ മോഹൻലാൽ ചിത്രത്തിൽ ഏത് ജോണറാണ് ഉപയോഗിക്കുക എന്നതാണ് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യം.
പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറാണ് മോഹൻലാലിൻറെ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രം. തമിഴ് ചിത്രം കാപ്പാന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണ തിരക്കുകളിലാണ്. സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബ്രദർ, ഇട്ടിമാണി, അരുൺ ഗോപി ചിത്രം, എന്നിങ്ങനെ നിരവധി ചിത്രങ്ങൾ മോഹൻലാലിന്റേതായി ഒരുങ്ങുന്നുണ്ട്. അതിനാൽ തന്നെ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രം എന്ന് എത്തുമെന്ന് ഉറപ്പിച്ച് പറയാനും ആകില്ല.