തമിഴ് സൂപ്പർതാരം വിക്രമിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീൻ സംവിധായകൻ ആർ.എസ് വിമൽ അണിയിച്ചൊരുക്കുന്ന മഹാവീർ കർണ്ണ ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്. 300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏറെ ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി ചിത്രത്തെ കുറിച്ച് വരുന്നുണ്ട്,. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാലും അഭിനയിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഭീമനായി അഭിനയിക്കാൻ മോഹൻലാൽ സമ്മതമറിയിച്ചോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാൻ സാധ്യത ഉള്ളതിനാൽ ഇങ്ങനെ ഒരു വേഷം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാവുമോ എന്നും കണ്ടറിയണം. അതിനുള്ള ചർച്ചകൾക്കായാണ് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി മാസ്സ് വരവ് വന്ന ലാലേട്ടന്റെ ഒടിയനും റിലീസിന് ഒരുങ്ങുകയാണ്. അതിനിടയിൽ ഇങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ അത് സത്യമായിരിക്കണേ എന്നാണ് ആരാധകരുടെ പ്രാർത്ഥന.