തിയറ്ററുകളിൽ മലയാളി സിനിമാപ്രേമികൾ ആഘോഷമാക്കിയ സ്ഫടികം സിനിമ 29 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. റിലീസ് ചെയ്ത് ഇത്രയും വർഷത്തിന് ശേഷം ഡിജിറ്റൽ റീ മാസ്റ്ററിംഗിലൂടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ ആടുതോമയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും ഇഷ്ട കഥാപാത്രങ്ങളിൽ ഒന്നാണ് ആടുതോമ. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സിനിമയ്ക്ക് പുറത്ത് വ്യക്തിപരമായി വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഭദ്രനും മോഹൻലാലും ഏഴു ചിത്രങ്ങളിൽ ഒരുമിച്ചിട്ടുണ്ട്. സ്ഫടികം റിലീസ് ആയി കഴിഞ്ഞാൽ വൈകാതെ താൻ സംവിധാനം ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രത്തെക്കുറിച്ച് ഭദ്രൻ മനസു തുറന്നു. രണ്ട് ചിത്രങ്ങളാണ് പുതിയതായി സംവിധാനം ചെയ്യാൻ പോകുന്നതെന്നും അതിൽ ഒന്നിൽ മോഹൻലാൽ ആയിരിക്കും നായകനെന്നും അറിയിച്ചിരിക്കുകയാണ് ഭദ്രൻ.
വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് താനിപ്പോഴെന്നും ജൂതന് എന്ന സ്ക്രിപ്റ്റ് റെഡിയാണെന്നും മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമ ഉടന്‍ സംഭവിക്കുമെന്നും ഭദ്രൻ പറഞ്ഞു. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവിയാണ് ഇതെന്നും ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. 2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു റോഡ് മൂവി ഒരുക്കുന്നതായി ഭദ്രന് പ്രഖ്യാപിച്ചിരുന്നു. അതുതന്നെയാണോ പുതിയ ചിത്രമെന്ന് വ്യക്തമല്ല.