പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് മോഹൻലാൽ എന്ന് റിപ്പോർട്ടുകൾ. ഏതായാലും ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. തമിഴിലെ പ്രശസ്ത സംവിധായകനും അൽഫോൻസ് പുത്രന്റെ അടുത്ത സുഹൃത്തുമായ കാർത്തിക് സുബ്ബരാജാണ് ഇത് സംബന്ധിച്ചുള്ള നിർണായകമായ സൂചനകൾ നൽകിയത്. കഴിഞ്ഞദിവസം ജാങ്കോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജ് ഈ കാര്യം വെളിപ്പെടുത്തിയത്.
അൽഫോൻസ് പുത്രൻ പണ്ടുമുതൽ തന്നെ ഒരു കടുത്ത മോഹൻലാൽ ആരാധകനാണെന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. തങ്ങൾ ചെന്നൈയിൽ ഒരുമിച്ച് താമസിച്ചിരുന്ന കാലത്തെല്ലാം അൽഫോൻസ് പുത്രൻ സംസാരിച്ചിരുന്നത് മോഹൻലാൽ സിനിമകളെക്കുറിച്ചും മമ്മൂട്ടി സിനിമകളെക്കുറിച്ചും ആയിരുന്നെന്നും കാർത്തിക് വെളിപ്പെടുത്തി. ഒരുപാട് വൈകാതെ തന്നെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഉണ്ടാകുമെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.
നേരത്തെ ഇത്തരത്തിൽ ഒരു സൂചന അൽഫോൻസ് പുത്രനും നൽകിയിരുന്നു. ലാലേട്ടന് വേണ്ടി താൻ ഒരു തിരക്കഥ എഴുതുകയാണെന്നാണ് അന്ന് അൽഫോൻസ് പറഞ്ഞത്. രജനികാന്തിനെ വെച്ച് കാർത്തിക് സുബ്ബരാജ് പേട്ട എന്ന ഫാൻ ബോയ് ചിത്രം ഒരുക്കിയെങ്കിൽ അതിലും മുകളിൽ നിൽക്കുന്ന ഒരു ഫാൻബോയ് ചിത്രം ലാലേട്ടനെ വെച്ച് എടുക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അൽഫോൻസ് പുത്രൻ പറഞ്ഞത്. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ് – നയൻതാര എന്നിവരെ നായകരാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് റിലീസിന് ഒരുങ്ങുകയാണ്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിൽ എത്തും.