സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ. ഏകദേശം മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തന്റെ പരിശീലകനൊപ്പം വര്‍ക് ഔട്ട് ചെയ്യുന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഉള്ളത്. ആരോഗ്യകരമായ ജീവിത രീതി എല്ലാവരും ശീലമാക്കണം എന്ന സന്ദേശവും വീഡിയോയ്ക്ക് ഒപ്പമുണ്ട്.
ഒരു മുപ്പതുകാരന്റെ ചുറുചുറുക്കോടെയും മെയ് വഴക്കത്തോടെയും വ്യായാമം ചെയ്യുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണാനാവുക. ഈ വര്‍ഷം മോഹന്‍ലാലിന് അറുപത്തിയൊന്നു വയസ്സു തികയും. ദിവസവും വര്‍ക് ഔട്ട് ചെയ്യാനും ആരോഗ്യകരമായ ജീവിത രീതി കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ദൃശ്യം 2നു വേണ്ടി ലാല്‍ ശരീരഭാരം കുറച്ചിരുന്നു.
ഡ്യൂപ്പ് ഉപയോഗിക്കാതെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടുണ്ടെന്ന് പല പ്രശസ്ത സംഘട്ടന സംവിധായകരും പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒപ്പം ജോലി ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച രീതിയില്‍ ആക്ഷന്‍ ചെയ്യുന്ന താരമെന്നും പല സംവിധായകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുപത് വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ ആയിട്ടുണ്ട് മോഹന്‍ലാല്‍. സിനിമക്ക് വേണ്ടി കളരി പയറ്റു, മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയും അഭ്യസിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.