മലയാള സിനിമയുടെ അഭിനയ കുലപതി മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തും നിന്നുമുള്ള നിരവധി പേരാണ് പ്രിയപ്പെട്ട മമ്മൂക്കക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ആയുരാരോഗ്യ സൗഭാഗ്യത്തോടെ ഇനിയും ഏറെ നാൾ അഭിനയം കൊണ്ട് അമ്പരിപ്പിച്ചുക്കൊണ്ടിരിക്കട്ടെ എന്നാണ് ഏവരുടെയും പ്രാർത്ഥനകൾ. ആശംസകൾക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് തന്റെ ഇച്ചാക്കക്ക് ആശംസകൾ നേർന്നിരിക്കുന്ന ലാലേട്ടന്റെ വാക്കുകളാണ്.
പ്രിയപ്പെട്ട ഇച്ചാക്ക, ജന്മദിനാശംസകൾ. ഈ ദിവസം എനിക്കും ആഘോഷിക്കുവാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായ വാത്സല്യം കൊണ്ട് ജ്യേഷ്ഠതുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ച്ചകളിലും സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിദ്ധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു. ഇതുപോലൊരു പ്രതിഭക്കൊപ്പം ജീവിക്കുവാൻ കഴിയുന്നുവെന്നത് തന്നെ സുകൃതം. അഭിനയത്തിൽ തന്റേതായ അഭിനയശൈലി കൊണ്ട് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇച്ചാക്കക്കൊപ്പം എന്റെയും പേര് വായിക്കപ്പെടുന്നുവെന്നത് ഏറെ സന്തോഷം പകരുന്നതാണ്.
നാല് പതിറ്റാണ്ടിനിടെ ഞങ്ങൾ ഒന്നിച്ചത് അൻപത്തിമൂന്ന് സിനിമകളിൽ, ഒന്നിച്ച് നിർമിച്ചത് അഞ്ച് സിനിമകൾ. ഇതൊക്കെ വിസ്മയം എന്നേ കരുതാനാകൂ. ലോകത്തൊരു ഭാഷയിലും ഇത്തരത്തിൽ ഒരു ചലച്ചിത്ര കൂട്ടായ്മ ഉണ്ടായിക്കാണില്ല. ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയെക്കാൾ മനോഹരമെന്നാണ് ഞാൻ കരുതുന്നത്. ഇച്ചാക്കയിൽ നിന്നും ഇനിയും മലയാള സിനിമക്കും ഇന്ത്യൻ സിനിമക്ക് തന്നെയും കൂടുതൽ നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെ എന്നാശംസിക്കുന്നു. ബഹുമതിയുടെ ആകാശങ്ങളിൽ ഇനിയുമേറെ ഇടങ്ങൾ കിട്ടട്ടേയെന്നും ഇനിയും ഞങ്ങൾക്ക് ഒന്നിക്കാനാകുന്ന മികച്ച സിനിമകൾ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എന്റെ ഈ ജ്യേഷ്ഠസഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചുകൊണ്ട് സ്നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കക്ക് എന്റെ പിറന്നാൾ ഉമ്മ.
View this post on Instagram