കലാഭവൻ മണിയെന്ന മലയാളികളുടെ സ്വന്തം പകരം വെക്കാനില്ലാത്ത പ്രതിഭ വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്. ഇന്നും മണി നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല എന്നോർക്കാൻ തന്നെയാണ് നമുക്കും ഏറെ ഇഷ്ടം. ആ ചിരിയും പാട്ടുകളും ചാലക്കുടിക്കാരൻ ചങ്ങാതിയെ മലയാളികളുടെ മനസ്സിൽ മരിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. മിമിക്രി വേദിയിൽ നിന്നും സിനിമ ലോകത്തെത്തി മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നായകനായും വില്ലനായും സഹനടനായും എല്ലാം ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മണിയുടെ മരണം തന്ന ഞെട്ടലിൽ നിന്നും മലയാളികൾ ഇനിയും കര കയറിയിട്ടില്ല.
നാടൻ പാട്ടുകൾക്ക് കേരളത്തിൽ ഇന്ന് കാണുന്ന ഒരു പ്രശസ്തി നേടിക്കൊടുത്തത് കലാഭവൻ മണി തന്നെയാണ്. കണ്ണിമാങ്ങാ പ്രായത്തിൽ, വരാന്ന് പറഞ്ഞിട്ട്, ഓടേണ്ട ഓടേണ്ട, ചാലക്കുടി ചന്തക്ക് പോകുമ്പോൾ എന്നിങ്ങനെ മലയാളിയോട് ഇന്നൊരു നാടൻ പാട്ട് പാടാൻ പറഞ്ഞാൽ ആദ്യം പാടുന്നത് മണിച്ചേട്ടന്റെ ഒരു ഗാനം തന്നെയായിരിക്കും. ആറ് വയസുകാരനും അറുപത് വയസുകാരനും പാടുന്നത് ഒരേ ആളുടെ ഗാനം. അത് തന്നെയാണ് മണിയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. കരിയറിൽ ഉന്നതങ്ങളിൽ എത്തിയിട്ടും താൻ വന്ന വഴിയും കൂടെയുണ്ടായിരുന്നവരെയും മറക്കാത്ത അദ്ദേഹത്തിനെ കുറിച്ചുള്ള ഓരോ ഓർമകളും മലയാളിക്ക് ഇപ്പോഴും ഒരു വിങ്ങലാണ്.
ദേഹം ഈ ഭൂമി വിട്ടെങ്കിലും ദേഹി ഇപ്പോഴും ഇവിടെ ബാക്കി വെച്ചിട്ടാണ് കലാഭവൻ മണി യാത്രയായത്. ആ പ്രിയ സഹതാരത്തെ കണ്ണീരോടെ ഓർത്തിരിക്കുകയാണ് മലയാള സിനിമ ലോകത്തെ പ്രിയ താരങ്ങൾ ഇപ്പോൾ.