പുരാവസ്തു സൂക്ഷിപ്പുകാരനാണെന്ന വ്യാജേന സമൂഹത്തിലെ ഉന്നതൻമാരെയും സെലിബ്രിറ്റികളെയും പറ്റിച്ച മോൻസൻ മാവുങ്കൽ ഗായകൻ എം ജി ശ്രീകുമാറിനെയും തട്ടിപ്പിന് ഇരയാക്കി. ഫ്ലവേഴ്സ് ടിവിയിലെ റിയാലിറ്റി ഷോയിൽ വിധികർത്താവാണ് എം ജി ശ്രീകുമാർ. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഒരു ദിവസം ഷോയിൽ എത്തിയ എം ജി ശ്രീകുമാർ ഒരു കറുത്ത കല്ലുള്ള മോതിരം ഇടതുകൈയിൽ അണിഞ്ഞ് ആയിരുന്നു എത്തിയത്. എം ജിക്ക് ഒപ്പം അന്ന് വിധികർത്താക്കളായി ഉണ്ടായിരുന്നത് അനുരാധ ശ്രീറാമും രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും ആയിരുന്നു.
ഷോയുടെ ഇടയിൽ രമേഷ് പിഷാരടിയാണ് മോതിരത്തെക്കുറിച്ച് എം ജി ശ്രീകുമാറിനോട് ചോദിക്കുന്നത്. കൈയിൽ കിടക്കുന്ന ആ മോതിരം വല്ലാതെ ആകർഷിച്ചെന്നും ഏത് ഗ്രാനൈറ്റ് കടയിൽ നിന്നാണ് അത് വാങ്ങിയതെന്നും സ്ക്വയർഫീറ്റിനെ എത്ര രൂപയായെന്നുമാണ് തമാശരൂപേണ പിഷാരടി ചോദിക്കുന്നത്. എന്നാൽ, ആ മോതിരം ബ്ലാക്ക് ഡയമണ്ട് ആണെന്ന് പറയുകയാണ് അനുരാധ ശ്രീറാം. ഇതിനൊക്കെ മറുപടിയായി എം ജി ശ്രീകുമാർ പറയുന്നത് ഇങ്ങനെ, ‘ഇത് എന്റെയൊരു ഫ്രണ്ട് ഉണ്ട് ഡോക്ടർ മോൻസ് എന്ന് പറഞ്ഞിട്ട്. അദ്ദേഹം ആന്റിക് കളക്ഷൻ ഒക്കെയുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം ഈ ടോപ് സിംഗറിന്റെ വലിയ ഒരു ആരാധകനാണ്. അപ്പോൾ, അദ്ദേഹം പറയും എം ജി ഇതിട്ട് എനിക്കൊന്ന് കാണാണം എന്ന് പറയും. അപ്പോ ഇതിട്ട് കാണിക്കണമെന്നുണ്ടെങ്കിൽ ഞാൻ ഇങ്ങനെ ഇരുന്നില്ലെങ്കിൽ അദ്ദേഹം വിചാരിക്കും അടിച്ചു മാറ്റിയതാണെന്ന്. ഇത് അദ്ദേഹം തന്നൊരു ആന്റിക് പീസ് ആണ്’.
ഇതിനു മറുപടിയായി ഇത് ആന്റിക് പീസ് ആണോയെന്നും ആ കറുത്ത കല്ല് എന്ത് കല്ലാണെന്നും പിഷാരടി ചോദിക്കുന്നു. എന്നാൽ, അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബ്ലാക്ക് ഡയമണ്ടോ അങ്ങനെ പറയുന്ന എന്തോ ആണെന്നും എം ജി മറുപടി നൽകുന്നു. കൈയിൽ കിട്ടിയിരിക്കുന്ന കോറം വാച്ചിനെക്കുറിച്ചും പറയുന്നുണ്ട്. ഇതൊക്കെ തനിക്ക് ഇടാൻ തന്നതാണെന്നും എല്ലാം തിരിച്ചു കൊടുക്കേണ്ടതാണെന്നും എം ജി ശ്രീകുമാർ വ്യക്തമാക്കുന്നു. തനിക്ക് സാധാരണ വാച്ചേ ഉള്ളൂവെന്നും 1500 രൂപയുടെ എച്ച് എം ടി ആണ് അതെന്നും ഷോയിൽ എം ജി ശ്രീകുമാർ പറയുന്നു. അതേസമയം, മോൻസനെ പുകഴ്ത്താനുള്ള പി ആർ വർക്കാണ് ഷോയിൽ നടന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നത്.