ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിൽ മലയാള സിനിമയുടെ അഭിമാനമായി മാറി ‘മൂത്തോൻ’. മികച്ച നടനും ചിത്രവും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോൻ സ്വന്തമാക്കിയത്. മികച്ച നടനുള്ള പുരസ്കാരം നിവിൻ പോളി സ്വന്തമാക്കിയപ്പോൾ മികച്ച ബാല താരത്തിനുള്ള അവാർഡ് സഞ്ജന ദീപുവും മികച്ച ചിത്രത്തിനുള്ള അവാർഡ് മൂത്തോനും സ്വന്തമാക്കി.
ജൂലൈ 24 മുതൽ ഓഗസ്റ്റ് 2വരെയായിരുന്നു ഈ വർഷത്തെ മേള സംഘടിപ്പിച്ചത്. ഓൺലൈന്‍ വഴി നടത്തിയ മേളയിൽ 14 ഭാഷകളിൽ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചത്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിങ് വഴിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു ഗംഭീര അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിലെ അക്ബർ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം ആണ് നിവിൻ കാഴ്ച വെച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഇതിലെ പ്രകടനം നിവിൻ പോളിക്കു ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
Congratulations to the #NYIFF2020 #AwardWinners at the 20th New York Indian Film Festival: 2020 Virtual Edition powered by @MovieSaints #BestActress #GarggiAnanthan #RunKalyani#BestActor @NivinOfficial #BestDirector @achalchitra #gamakghar #BestFilm #Moothon @geetumohandas pic.twitter.com/D0CmIPMAO1
— New York Indian Film Festival (@nyindianff) August 2, 2020
നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍, റോഷന് മാത്യു എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് നിർവഹിച്ചത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന് മക്ക്അലക്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിർവഹിച്ചത് രാജീവ് രവി ആണ്.