ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ പ്രദര്ശനത്തിനൊരുങ്ങുകയാണ്. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക.നാളെയാണ് ചിത്രത്തിന്റെ പ്രദർശനം. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രദര്‍ശനം തന്റെ സ്വപ്നം സാക്ഷാത്ക്കാരാമാണെന്നും തന്റെ ചിത്രങ്ങള്‍ വിശാലമായി പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇത് അത്തരത്തിലൊരു നിമിഷമാണെന്നും നിവിന്‍ ദ ക്യൂവിനോട് പറഞ്ഞു.
പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.