മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാളികൾ മാത്രമല്ല ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്നത് ഈ ഒരു ചിത്രത്തിന് വേണ്ടിയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കാത്തിരിപ്പ്. റിയൽ ടൈം പോപ്പുലാരിറ്റി കണക്കാക്കി ഐഎംഡിബി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ആറാട്ട് ഒന്നാമത് എത്തിയത്. രാജമൗലി ചിത്രം ആർ ആർ ആർ ആണ് രണ്ടാമത്. ആലിയ ഭട്ട് നായികയായി എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായി കത്തിയവാടി ആണ് മൂന്നാമത്. രുദ്ര നാലമത് എത്തിയപ്പോൾ പ്രഭാസ് ചിത്രം രാധേ ശ്യാം എട്ടാമതും അജിത്ത് ചിത്രം വലിമൈ പത്താമതുമാണ് എത്തിയത്.
ഫെബ്രുവരി പതിനെട്ടിനാണ് മോഹൻലാൽ ചിത്രം റിലീസ് ആകുന്നത്. തിയറ്ററിലാണ് റിലീസ്. ‘ആറാട്ട്’ റിലീസ് ആകുന്നതിനു ദിവസങ്ങൾക്ക് മുമ്പേ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച ദിവസം തൃശൂരിലെ രാഗം തിയറ്ററിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ആദ്യ ദിവസങ്ങളിലെ മിക്ക ഷോകളുടെയും ടിക്കറ്റ് വേഗത്തിലാണ് വിറ്റുപോയത്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ റിലീസിനാണ് ആറാട്ട് ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിനും പാട്ടിന്റെ പ്രമോയ്ക്കും വൻ വരവേൽപ്പ് ആയിരുന്നു ആരാധകർ നൽകിയത്. അഞ്ചു മില്യൺ വ്യൂസ് ആണ് ആറാട്ട് ട്രയിലറിന് ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം ആക്ഷൻ കൊണ്ടും മാസ് കൊണ്ടും കോമഡി കൊണ്ടും ആരാധകരെ ‘ആറാട്ട്’ രസിപ്പിക്കുമെന്ന് ഉറപ്പ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.