പാലക്കാട്: മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മലമ്പുഴയിലെ ചേറാട് മലയിടുക്കിലാണ് ട്രക്കിങ്ങിനിടെ ബാബുവെന്ന യുവാവ് കുടങ്ങിയത്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്നെ മലയ്ക്ക് താഴെ മനമുരുകി പ്രാർത്ഥനയോടെ ഇരിക്കുകയാണ് ബാബുവിന്റെ അമ്മ റഷീദ. തിങ്കളാഴ്ചയാണ് ബാബു മലമ്പുഴ ചെറാട് മലയിൽ കുടങ്ങിയത്. ‘മകന് അപകടമൊന്നും വരുത്തരുതേ’ എന്ന് മാത്രമാണ് അമ്മ റഷീദയുടെ പ്രാർത്ഥന.
മകൻ ഇപ്പോൾ വെള്ളമാണ് ചോദിക്കുന്നത്. ഒരു തുള്ളി വെള്ളം കുടിക്കാൻ ലഭിക്കാതെ മണിക്കൂറുകൾ കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാതൊരു വിധ അപകടവും വരുത്തരുതേ എന്നാണ് റഷീദയുടെ പ്രാർത്ഥന. ബാബു അപകടത്തിൽപ്പെട്ടതിനു ശേഷം ചൊവ്വാഴ്ച പകൽ മുഴുവൻ മലയടിവാരത്തിൽ മകനെ കാത്ത് ഇരിക്കുകയായിരുന്നു റഷീദ. വൈകുന്നേരം കളക്ടര്‍ മൃണ്മയി ജോഷി ഇടപെട്ടതോടെയാണ് റഷീദ വീട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായത്.
ഇന്നുതന്നെ മകനെ രക്ഷപ്പെടുത്തി താഴെ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റഷീദ പറഞ്ഞു. സൈന്യത്തിന്റെയും നാട്ടുകാരുടെയും ബാക്കി മുഴുവൻ ആളുകളുടെയും സഹകരണത്തിൽ നന്ദിയുണ്ടെന്നും ബാബു പറഞ്ഞു. മലയിൽ കുടുങ്ങിയ വിവരം ബാബു തന്നെയാണ് വീട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. പതിനൊന്നു മണിയോടെ ബാബുവിനെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷീദ പറഞ്ഞു. എന്തിനാണ് മകൻ മല കയറി പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണെന്നും തന്റെ മകനെ തനിക്ക് തിരിച്ചു കിട്ടണമെന്നും റഷീദ പറഞ്ഞു.