ബോളിവുഡ് താരം മൃണാള്‍ താക്കൂറിനെ പ്രശംസിച്ച് നടി കങ്കണ റണൗട്ട്. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സീതാരാമം കണ്ടാണ് കങ്കണ റണൗട്ട് നടിയെ പ്രശംസിച്ചത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരേയും താരം അഭിനന്ദിച്ചു. ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്ഞിയെ പോലെയാണ് മൃണാല്‍ താക്കൂറെന്ന് തന്റെ ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസില്‍ കങ്കണ പറയുന്നു.
‘ഒടുവില്‍ സീതാരാമം കാണാന്‍ സമയം കിട്ടി. ഉറപ്പിച്ചു പറയുന്നു, ഇതൊരു മനോഹരമായ അനുഭവമായിരുന്നു. ഇതിഹാസ സമാനമായ പ്രണയകഥ. അസാധാരണ തിരക്കഥയും സംവിധാനവും.. ഹനു രാഘവപുടിക്കും (സംവിധായകന്) അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’, കങ്കണ പറഞ്ഞു. എല്ലാ അഭിനേതാക്കളും വിസ്മയകരമായ രീതിയിലാണ് സിനിമയില്‍ അഭിനയിച്ചതെന്ന് കങ്കണ പറഞ്ഞു. ഇതില്‍ മൃണാലിന്റെ പ്രകടനം വേറിട്ടു നിന്നു. മറ്റൊരു അഭിനേതാവിനും ചിത്രത്തില്‍ ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല. എന്തു നല്ല കാസ്റ്റിങ്ങാണ്. ശരിക്കും രാജ്ഞി. സിന്ദാബാദ് താക്കൂര്‍ മാഡം.- ക്വീന്‍ ഇമോജി ചേര്‍ത്ത് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം ഇതിനോടകം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞു. ആദ്യ പതിനഞ്ചു ദിവസത്തിനുള്ളില്‍ തന്നെ 65 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും സീതാരാമമാണ്.