നടന് മോഹന്‍ലാല്‍ തന്നെക്കുറിച്ച് പരാതി പറഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് മുകേഷ്. സെറ്റില്‍ എപ്പോഴും വൈകി എത്തുന്നതിനെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ പരാതി പറഞ്ഞതെന്നാണ് മുകേഷ് പറഞ്ഞത്. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. സെറ്റില്‍ താന്‍ എപ്പോഴും വൈകിയാണ് എത്താറുള്ളത്. എത്ര ശ്രമിച്ചാലും തനിക്ക് നേരത്തെ എത്താന്‍ സാധിക്കാറില്ല. ഇതെക്കുറിച്ച് പരാതി പറഞ്ഞത് മോഹന്‍ലാലാണ്. ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും താരം പറയുന്നു.
അതേ സമയം ഗോഡ്ഫാദര് സിനിമയുടെ ലൊക്കേഷനില്‍ താന്‍ ഒരിക്കല്‍ സമയത്തിന് എത്തിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഗോഡ്ഫാദര് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകരായ സിദ്ദിഖും ലാലും തന്റടുത്ത് വന്ന് പറഞ്ഞു, ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണമെന്ന്. അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും അവര്‍ പറഞ്ഞു. കുഴപ്പമില്ല താന്‍ സമയത്തിന് തന്നെ വരാമെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്ക് അലാറം ഒക്കെ വെച്ച് എങ്ങനെയോ എഴുന്നേറ്റ് കറക്ട് സമയത്ത് സെറ്റില്‍ വന്നു. അതോടെ ഫുള്‍ സെറ്റ് കൈയടിച്ചു എന്നും മുകേഷ് പറഞ്ഞു.
അന്നാണ് ജീവിതത്തില്‍ ആദ്യവും അവസാനവും സെറ്റില്‍ കൃത്യ സമയത്ത് എത്തിയത്. പിന്നീട് എംഎല്‍എ ആയപ്പോള്‍ തനിക്ക് എട്ടര മണിക്ക് സഭയില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാലാണ് നിയമസഭാ യോഗം 9 മണിയിലേക്ക് മാറ്റിയതെന്നും തമാശയായി മുകേഷ് പറയുന്നു.