അഭിനയ മേഖലയില്‍ ഏറ്റവും കൂടുതല്‍ വേണ്ടത് അനുഭവസമ്പത്താണെന്ന് നടന് മുകേഷ്. ‘സിനിമ ഡാഡി’യുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ പഴയതലമുറയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മുകേഷ് പറയുന്നു. എന്നാല്‍ സിനമാസെറ്റുകളില് പലപ്പോഴും ഇതിനു വിപരീതമാണ് സംഭവിക്കാറ്. പുതിയ അഭിനേതാക്കള്‍ സീനിയര്‍ ആയവരില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. താന്‍ അങ്ങോട്ടു ചെന്നാലും പലരും അടുപ്പം കാണിക്കാന്‍ മടിക്കുമെന്നും മുകേഷ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ ദുല്‍ഖര്‍ ഞെട്ടിച്ചു കളഞ്ഞെന്നും മുകേഷ് പറയുന്നു. ”ഞാനും ഇന്നസെന്റ് ചേട്ടനും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. ആ പടത്തിന്റെ സെറ്റില്‍ ഞാനും ഇന്നസെന്റ് ചേട്ടനും സംസാരിച്ച് ഇരുന്നപ്പോള്‍ ഒരു കസേരയെടുത്തിട്ട് ഒരു മടിയും കൂടാതെ ദുല്‍ഖറും ഞങ്ങളുടെ കൂടെക്കൂടി. പരസ്പരം തമാശയൊക്കെ പറഞ്ഞ് ഒരുപാട് ചിരിച്ചു. അന്ന് വൈകുന്നേരമായപ്പോള്‍ മമ്മൂട്ടി വിളിച്ചു. ദുല്‍ഖര്‍ ഇന്നസെന്റുമായും മുകേഷുമായുമൊക്കെ നല്ല കമ്പനിയായെന്ന് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞ് അറിഞ്ഞിട്ട് വിളിച്ചതാണ്.
എന്നിട്ട് പറഞ്ഞു, ഇങ്ങനെയാടാ വേണ്ടത്, എനിക്കൊരുപാട് സന്തോഷമായി. അങ്ങനെയേ അവന് മെച്ചപ്പെടാനാകൂ എന്ന് പറഞ്ഞതായും മുകേഷ് വെളിപ്പെടുത്തി.